Wednesday, September 6, 2023

ഇന്ത്യയും ഭാരതവും | India and Bhaarath

ഒന്നു രണ്ടു പേരോട് ഇന്നലെ തന്നെ പറഞ്ഞിരുന്നതാണ് കേന്ദ്രസർക്കാരിന് ' ഇന്ത്യ ' എന്ന പേര് മാറ്റാൻ ആഗ്രഹമൊന്നുമില്ല എന്ന്.അതിന് കാരണം ഒന്ന് വ്യക്തമാക്കാം.

ഇന്ത്യക്ക് ' ഭാരതം ' എന്നൊരു പേരുണ്ടെന്ന് ഭരണഘടന തന്നെ അംഗീകരിച്ചതാണ്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം തുടങ്ങുന്നത് തന്നെ ' ഇന്ത്യ അതായത് ഭാരതം ' എന്ന വാക്കുകളോടെയാണ്.അതായത് ഇന്ത്യ ഭാരതം തന്നെയാണ്.പിന്നെന്തിന് മാറ്റണം..!

രണ്ടുപേരുകളുടെയും ഉദ്ഭവവും പ്രാധാന്യവും ഒന്ന് പരിശോധിക്കണം. ' ഇന്ത്യ 'എന്ന പദം  ' സിന്ധു ' (Sindhu) എന്ന സംസ്കൃത പദത്തിൻറെ പേർഷ്യൻ രൂപമായ  ഹിന്ദു ( Hindhu)  എന്നതിൽ നിന്ന് ഉരുത്തിതിരിഞ്ഞതാണ്. പേർഷ്യൻ Achamenid സാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറെ ഇന്ത്യയിലെ കടന്നുകയറ്റം മുതൽ ഇങ്ങോട്ട് തുടർച്ചയായി ഉപയോഗിച്ചുവരുന്ന ഒരു പദമാണ് ഹിന്ദു (Hindhu). പൗരാണിക ഇന്ത്യക്കാരെ ഉപഭൂഖണ്ഡത്തിന് പുറത്തുള്ളവർ പ്രധാനമായും വിളിച്ചിരുന്ന പദവും ഇതുതന്നെയാണ്. ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടറിന്റെ  ഇന്ത്യൻ ആക്രമണത്തിന്റെ സമയത്ത് ഗ്രീക്ക് സ്വാധീന ഫലമായാണ്  Hindhu ( ഹിന്ദു) എന്ന പദം വീണ്ടും മാറ്റം വന്ന് India ( ഇന്ത്യ) എന്ന രൂപത്തിലേക്ക് മാറുന്നത്.B C  4 അം നൂറ്റാണ്ടിൽ മേഗസ്തനീസ് എന്ന ഗ്രീക്ക് സഞ്ചാരി മൗര്യസാമ്രാജ്യത്തെ കുറിച്ചും മറ്റും വിശദമായി പ്രതിപാദിക്കുന്ന ചരിത്ര ഗ്രന്ഥത്തിന് ' Indica' ( ഇൻഡിക്ക) എന്നാണ് പേര് നൽകിയത്. അതായത് ഇന്ത്യ എന്ന പേരിന് ചുരുങ്ങിയത് 2300 വർഷത്തിലധികം പഴക്കമുണ്ട് എന്ന് മാത്രമല്ല സിന്ധു,ഹിന്ദു,ഇന്ത്യ എന്നീ വാക്കുകളുടെ എല്ലാം ഉദ്ഭവം ഏതാണ്ട്  ഒരുപോലെയാണ്.

ഇന്ത്യ എന്ന പേര് ലോകം മുഴുവൻ എത്രകണ്ട് പ്രശസ്തമായിരുന്നു എന്ന് വ്യക്തമാക്കാൻ ഒരുദാഹരണം കൂടി സൂചിപ്പിക്കാം. 14അം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളംബസ് എന്ന യൂറോപ്യൻ നാവികൻ ഇന്ത്യ കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. വഴിതെറ്റി അയാൾ എത്തിപ്പെട്ടത് ആകട്ടെ കരീബിയൻ ദ്വീപുകളിലും. ഇന്ത്യയെന്ന് കരുതി അയാള് അതിനെ ' ഇൻഡീസ് ' എന്ന നാമകരണവും ചെയ്തു. അതിൽ നിന്നാണ് പിന്നീട് വെസ്റ്റിൻഡീസ് എന്ന രാജ്യത്തിൻറെ പേര് ഉണ്ടായത്.

ഇനി ഭാരതം എന്ന പേരിലേക്ക് വരാം ഭാരതം എന്ന പേര് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ പത്ത് രാജാക്കന്മാരുടെ യുദ്ധം ( Dasharajna) എന്നൊരു യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സിന്ധു നദിയുടെ പോഷകനദിയായ രവി ( പരുഷ്ണി) യുടെ തീരത്താണ്  ഈ യുദ്ധം നടന്നതത്രേ. ഭാരത എന്ന ഗോത്രത്തിലെ സുദശ എന്ന രാജാവിനെ സ്ഥാനഭ്രഷ്ടൻ ആക്കാൻ നടത്തിയ ഈ യുദ്ധത്തിൽ അദ്ദേഹത്തിന് എതിരെ  10 ഗോത്ര രാജാക്കന്മാർ അണിനിരന്നു. പക്ഷേ ഭാരത ഗോത്രം യുദ്ധത്തിൽ വിജയിക്കുകയും അവരുടെ ഭൂമി  'ഭാരതാവർഷ 'എന്ന് അറിയപ്പെടുകയും ചെയ്തത്രേ.

മഹാഭാരതം പറയുന്നത് അനുസരിച്ച് ഹസ്തിനപുരത്തിലെ ദുഷ്യന്തന്റെയും ശകുന്തളയുടെയും മകനായ ഭാരതൻ എന്ന ചക്രവർത്തി പാണ്ഡവരുടെയും കൗരവരുടെയും പൂർവികൻ ആയിരുന്നു. അദ്ദേഹം ഭരിച്ചിരുന്ന ഭൂമിയെയാണ് ഭാരതവർഷ എന്നറിയപ്പെട്ടിരുന്നതത്രേ. പ്രധാനമായും ഭാരതം എന്ന പദം പിൽക്കാലത്ത് ഉപയോഗിച്ചിരുന്നത് ഉപഭൂഖണ്ഡം എന്ന സാംസ്കാരിക ഭൂമികയെ സൂചിപ്പിക്കാനാണ്.

ഭാരതത്തിൻറെ അതിരുകൾ അടയാളപ്പെടുത്തുന്ന ഒരു ശ്ലോകം വിഷ്ണുപുരാണത്തിലേതായുണ്ട്.

ഉത്തരം യത് സമുദ്രസ്യ

ഹിമാദ്രൈശ്ചൈവ ദക്ഷിണം

വർഷം തദ് ഭാരതം നാമ

ഭാരതീ യത്ര സംതതിഃ॥

സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ ദക്ഷിണഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം എന്നാണ്. ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു.

എൻറെ അഭിപ്രായത്തിൽ ഭാരതം എന്ന പദം കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കാം.പക്ഷേ, അത് ഇന്ത്യ എന്ന പദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് വേണം എന്ന അഭിപ്രായം ശരിയല്ല.രണ്ടു വാക്കുകളും പൗരാണിക കാലം മുതൽക്ക് തന്നെ ഉപഭൂഖണ്ഡത്തെ വിശേഷിപ്പിച്ചിരുന്ന പേരുകളും ഭാരതീയരായ ജനങ്ങൾക്ക് ആവേശം ജനിപ്പിക്കുന്ന നാമങ്ങളുമാണ്.


#India_bharath_bhaarath name_change

No comments:

Post a Comment