Tuesday, November 28, 2023

പൂന്താനവും കേരളത്തിൽ നിലനിന്നിരുന്ന ഭാരത സങ്കല്പവും.


1500 കളിൽ അഥവാ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ആണ് ശ്രീ പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറത്തെ കീഴാറ്റൂർ ആണ് അദേഹത്തിൻ്റെ ജന്മദേശം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന തൻ്റെ മകൻ ചോറൂണ് ദിവസം മരണപ്പെട്ടത് അദേഹത്തെ മാനസീകമായി തകർത്തു. തുടർന്ന് ഗുരുവായൂരപ്പൻ്റെ ഭക്തനായ അദേഹം ഭക്ത കാവ്യങ്ങളിലേക്കു തിരിയുകയായിരുന്നു. അദേഹത്തിൻ്റെ പ്രമുഖ കൃതി ആണ് ജ്ഞാനപ്പാന. ഇന്നും വീടുകളിലും ക്ഷേത്രങ്ങളിലും കേൾക്കുന്ന ഈ മനോഹരമായ ഭക്ത കവിത ജീവിതത്തിൻ്റെ വിവിധ തലങ്ങളെ പറ്റി നമ്മളെ ഓർമിക്കുന്നു. കേരളത്തിൽ ശക്തമായി ഉണ്ടായിരുന്ന ഭാരത സങ്കല്പത്തിന്, നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും വലിയ തെളിവും ഇതേ ജ്ഞാനപ്പാന ആണ്. കർമങ്ങൾക്കു വിള നിലമാകിയ ഭാരതത്തെ വർണിക്കുവാനാണ് ജ്ഞാനപ്പാനയിലെ ഒരു അധ്യായം മുഴുവനായും അദ്ദേഹം ഉപയോഗിക്കുന്നത്. തുടർന്ന് നാല് യുഗങ്ങളിൽ ശ്രേഷ്ഠം കലിയുഗം ആണ് എന്നും അദ്ദേഹം പറയുന്നു, കാരണം മുക്തി ലഭിക്കുവാൻ നാമ സങ്കീർത്തനങ്ങൾ മാത്രം ആണ് കലിയുഗത്തിൽ ആവശ്യം. പിന്നീടദ്ദേഹം പാടുന്നത് ഇപ്പ്രകാരം ആണ് അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളും മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! . മറ്റു യുഗങ്ങളിലും , ലോകങ്ങളിലും ദ്വീപുകളിലും എല്ലാം ഉളളവർ ഭാരതത്തിൽ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാൻ സാധിക്കാത്തതിൽ ഭഗവാനെ വിളിച്ച് പരിതപിക്കുന്നതിനെപറ്റി പാടുന്ന ഈ വരികൾ എഴുതപ്പെട്ട 1500's കളിൽ ഭാരതം എന്ന സങ്കല്പം ഇവിടെ എത്രകണ്ട് ശക്തമായിട്ടാണ് നിലനിന്നത് എന്ന് ഇന്നി ഇതിലും വ്യക്തമായി പറയുവാൻ സാധിക്കുന്നത് എങ്ങിനെ ആണ്? അന്നത്തെ കവി ഭാവനയിൽ ഭാരതം എത്ര ശ്രേഷ്ഠം ആണ് എന്നത് വ്യക്തം. ഭാരതം ഉത്തരേന്ത്യയിലേ ഒരു കൊച്ചു പ്രദേശം ആണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന, കണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരോട് പറയുവാനുള്ളത് ഇത്ര മാത്രം - നിങ്ങള് എത്ര കഥകൾ മിനഞ്ഞാലും ഇത്തരത്തിൽ ഈ മണ്ണിലെ ഓരോ പുൽകൊടിയിലും ഉള്ള ഭാരതത്തിനെ ഇല്ലാതാക്കുവാൻ നിങ്ങൾക്ക് ആവില്ല . ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം.

No comments:

Post a Comment